ന്യൂഡൽഹി:നീറ്റ് ചോദ്യപേപ്പർ ചോർച്ചയും ഭരണപരമായ വീഴ്ചകളെയും തുടർന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ)യുടെ പുതിയ ഓഫിസിന് സിഐഎസ്എഫ് സുരക്ഷ ഏർപ്പെടുത്തുന്നു. ഏജൻസിയുടെ രഹസ്യവിഭാഗങ്ങളിലെ സുരക്ഷാ വീഴ്ചകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണു പുതിയ നീക്കം.
പുതിയ ഓഫിസിലെ സുരക്ഷാക്രമീകരണങ്ങൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 39 സിഐഎസ്എഫ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. എക്സ്-റേ ബാഗേജ് സ്ക്രീനിംഗ് മെഷീനുകൾ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയും കർശനപ്രവേശന നിയന്ത്രണവും ഇനി മുതൽ ഓഫീസിൽ ഉറപ്പാക്കാനാണ് തീരുമാനം. കൂടാതെ സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സൈബർ സുരക്ഷാ ഉദ്യോഗസ്ഥനായ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറെ നിയമിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
2017-ൽ രൂപവത്കരിച്ച എൻടിഎ ഇതുവരെ ഒഖ്ലയിലെ ഓഫിസിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അടുത്തിടെയാണ് മിന്റോ റോഡിലുള്ള സർക്കാർ പ്രസ് കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റിയത്.